ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ പുതിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ചലച്ചിത്ര നിർമ്മാണ രംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്ന ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ കാമ്പസാണ് അരുണാചൽ പ്രദേശിലെ 50 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്നത്.
200 കോടി രൂപ ചിലവു പ്രതീക്ഷിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കൊത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായാകും പ്രവർത്തിക്കുക. രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ചലച്ചിത്ര രംഗത്തെ പ്രതിഭകളെ വാർത്തെടുക്കുന്നതിന് പുതിയ കാമ്പസ് പ്രയോജനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ സ്ഥിരം കാമ്പസ് മിസോറാമിലെ ഐസ്വാളിൽ 25കോടി രൂപ ചിലവിൽ ഉടൻ തന്നെ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രണ്ടു സ്ഥാപനങ്ങളും ഉന്നത നിലവാരമുളള വിദ്യാഭ്യാസവും പരിശീലനവും ഉറപ്പു വരുത്തുന്നതാകും. വടക്കു കിഴക്കൻ പ്രദേശങ്ങളിലെ മാദ്ധ്യമവിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആയി ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.