പ്യോങ്യാങ്: അമേരിക്കയ്ക്കെതിരേ ആണവായുധഭീഷണിയുമായി ഉത്തരകൊറിയ. പ്രകോപനമുണ്ടായാൽ അമേരിക്കയ്ക്കെതിരേ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്നാണ് ഉത്തരകൊറിയ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
അമേരിക്കയുടെ പടക്കപ്പലുകൾ പസഫിക് സമുദ്രമേഖലയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഉത്തരകൊറിയയുടെ ഭീഷണി നിർണ്ണായകമാണ്. ശത്രുവിന്റെ നീക്കങ്ങൾ സസൂക്ഷ്മം തങ്ങളുടെ സൈന്യം നിരീക്ഷിക്കുന്നുണ്ടെന്നറിയിച്ച ഉത്തരകൊറിയ, പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന നിലപാടാണ് പങ്കു വച്ചത്.
അതേസമയം ഉത്തരകൊറിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ പ്രതികരിച്ചു. ചൈന ഒപ്പമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നം അമേരിക്ക അവസാനിപ്പിക്കുമെന്ന നിലപാടിലാണ് ട്രംപ്. കഴിഞ്ഞയാഴ്ച്ച സിറിയയിൽ അമേരിക്ക നടത്തിയ ശക്തമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരകൊറിയയ്ക്കു മേൽ യു.എസ് സൈനികനടപടിയുണ്ടാകാനുളള സാദ്ധ്യത വളരെയേറെയാണ്. യു.എസ് പടക്കപ്പലുകൾ കൊറിയൻ സമുദ്രാതിർത്തിയിൽ പ്രവേശിക്കാൻ ഒരാഴ്ചയോളമെടുക്കുമെന്നാണ് കണക്കു കൂട്ടുന്നത്.