തിരുവനന്തപുരം : പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ സിപിഎമ്മിന്റെ അന്ത്യ കൂദാശയ്ക്ക് നിയോഗിക്കപ്പെട്ടയാളെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് മൊഹമ്മദ് റിയാസ് വിശേഷിപ്പിച്ചതിന്റെ ഞെട്ടലിലാണ് സൈബർ ലോകം. പാർട്ടി അണികളേയും റിയാസിന്റെ പ്രയോഗം ഞെട്ടിച്ചു . ആദ്യത്തെ ഞെട്ടൽ പിന്നീട് പൊട്ടിച്ചിരിയായതോടെ റിയാസിനെതിരെ ട്രോളുകളുടെ പെരുമഴയുമായി ട്രോളന്മാരുമിറങ്ങി.
ബിജെപി നേതാവ് കെ സുരേന്ദ്രനെഴുതിയ പോസ്റ്റിന് ചുട്ട മറുപടിയായിരുന്നു റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉദ്ദേശിച്ചത് . പക്ഷേ മറുപടി എഴുതി വന്നപ്പോൾ സംഗതി നേരെ എതിരായാണ് വന്നത് . സിപിഎമ്മിന്റെ അന്ത്യ കൂദാശയ്ക്ക് നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത് . മറുപടിയെഴുതിയ റിയാസ് പറഞ്ഞ് തുടങ്ങിയത് ഇങ്ങനെ .. “സിപിഐഎമ്മിന്റെ അന്ത്യകൂദാശക്ക് നിയോഗിക്കപ്പെട്ടയാളാണെന്ന തിരിച്ചറിവാകും, കേരളമുഖ്യനെ രാജ്യം മുഴുവൻ നിങ്ങൾ തടയുവാൻ കാരണം! “
പോസ്റ്റെഴുതാനുണ്ടായ സാഹചര്യം പോലും വ്യക്തമാക്കാതെ റിയാസെഴുതിയ പോസ്റ്റ് വൈറലുമായി . രസകരമായ മറുപടികളും വന്നു. റിയാസിനൊപ്പം എന്ന ഹാഷ്ടാഗും പ്രചരിപ്പിക്കപ്പെട്ടു . അമളി മനസിലായ റിയാസ് ഒടുവിൽ കെ സുരേന്ദ്രന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടെടുത്ത് തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു . ഒപ്പം അടുത്ത മറുപടിയുമെഴുതി . ഉറങ്ങുന്നവർക്ക് എഴുന്നേൽക്കാം ഉറക്കം നടിക്കുന്നവർ ഉറങ്ങിക്കൊള്ളൂ എന്ന് അവസാനിക്കുന്ന പോസ്റ്റിൽ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അവിടെയും വന്നു പരിഹാസ ശരങ്ങൾ .
എന്തായാലും സമരങ്ങൾ കൊണ്ട് പൊറുതിമുട്ടിയ സിപിഎമ്മിന് കൂനിന്മേൾ കുരുവായിരിക്കുകയാണ് യുവനേതാക്കളുടെ മണ്ടത്തരങ്ങൾ .