മൂന്നാർ: മൂന്നാറിലെ വൻകിട കയ്യേറ്റങ്ങളും നിർമ്മാണങ്ങളും തുടരാൻ അനുവദിക്കില്ലെന്നും മൂന്നാറിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോദ്ധ്യപ്പെടുത്തുമെന്നും കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പ് സഹ മന്ത്രി സി.ആർ ചൗധരി. മൂന്നാർ സന്ദർനത്തിനു ശേഷം മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുകയാരുന്നു അദ്ദേഹം.
മൂന്നാറിന്റെ പരിസ്ഥിതിയെ തകർത്തു കൊണ്ടുളള നിർമ്മാണ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിട്ടു കൊണ്ട് മൂന്നാറിന്റെ സംരക്ഷണം ഉറപ്പു വരുത്തിയുളള കേന്ദ്ര സർക്കാർ ഇടപെടലാണ് കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തോടെ ഉണ്ടായിരിക്കുന്നത്.
രാവിലെ പതിനൊന്നരയോടെ മൂന്നാറിലെത്തിയ പ്രത്യേകസംഘം മൂന്നാർ ചിത്തിരപുരം പളളിവാസൽ തുടങ്ങിയ പ്രദേശങ്ങളിലെ വൻകിട നിർമ്മാണങ്ങളും കയ്യേറ്റങ്ങളും പരിശോധിച്ചു.