ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ നേർക്കു നേർ. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തമാണ്.
ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിലാണ് എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിനായി റൺവേയിലെത്തിയത്. സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പിൻതുടർന്ന ഇരുവിമാനത്തിലെയും പൈലറ്റുമാരുടെ സമയോചിതമായ നടപടിയാണ് അപകടമൊഴിവാക്കിയത്.
122 യാത്രക്കാരുമായി പറന്നുയരാൻ തയ്യാറെടുത്ത എയർ ഇന്ത്യ വിമാനം പെട്ടെന്ന് ടേക്ക് ഓഫ് റദ്ദാക്കുകയായിരുന്നു. അതേസമയം ലാൻഡിംഗിനായി നിലം തൊട്ട ഇൻഡിഗോ വിമാനം റൺവേയിൽ മറ്റൊരു വിമാനം കണ്ടതിനേത്തുടർന്ന് ചട്ടപ്രകാരമുളള നടപടിക്രമമനുസരിച്ച് വീണ്ടും പറന്നുയരുകയായിരുന്നു.
നാലു ദിവസത്തെ സന്ദർശനത്തിനായി ഭാരതത്തിലെത്തുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയിഖ് ഹസീനയെ സ്വീകരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തുന്നതിനു തൊട്ടുമുൻപായിരുന്നു സംഭവം.