തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ച്പൂട്ടാനുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കേരളം മൂന്ന് മാസത്തെ സാവകാശം ചോദിക്കും. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. തിങ്കളാഴ്ചയാകും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിക്കുക.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷ്ണര്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മദ്യശാലകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനമായത്. തിങ്കളാഴ്ചയാണ് ഹര്‍ജി സമര്‍പ്പിക്കുക. സുപ്രീം കോടതി വിധി വിലയിരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നും അതില്‍ ഖേദം പ്രകടിപ്പിച്ച് കോടതിയെ സമീപിക്കാനാണ് നീക്കം. അറ്റോര്‍ണി ജനറലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ ഉപദേശവും സംസ്ഥാന സര്‍ക്കാര്‍ തേടും.
അതേസമയം മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ തുടരുന്ന പ്രാദേശിക പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. വിഷയം ക്രമസമാധാന പ്രശ്നമായി മാറി സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് കണ്ടാണ് നിലപാട്. പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന പാതകള്‍ ജില്ലാ പാതകളായി തരംതാഴ്ത്തണമെന്ന നിര്‍ദ്ദേശമുയര്‍ന്നെങ്കിലും സുപ്രീം കോടതിയിലെ ഹര്‍ജിയുടെ ഭാവി അറിഞ്ഞ ശേഷം ഇത് മതിയെന്ന് യോഗം തീരുമാനിച്ചു. സുപ്രീം കോടതി വിധി സംസ്ഥാന ഖജനാവിന് തന്നെ തിരിച്ചടിയായ പശ്ചാത്തലത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും സര്‍ക്കാരിന് നീക്കമുണ്ട്.