ന്യൂഡൽഹി : വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച ആം ആദ്മി പാർട്ടിക്ക് നിശിതമായ മറുപടിയുമായി കമ്മീഷൻ . പഞ്ചാബിൽ വിചാരിച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അതെന്ത് കൊണ്ടെന്ന് സ്വയം പരിശോധന നടത്തുകയാണ് വേണ്ടതെന്ന് കമ്മീഷൻ ആം ആദ്മി പാർട്ടിക്കയച്ച കത്തിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ അതിൽ പരാതിയുണ്ടെങ്കിൽ ഹൈക്കോടതിയെയാണ് സമീപിക്കേണ്ടത് . എ എ പിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി. കോടതി നിർദ്ദേശമനുസരിച്ച് മാത്രമേ വോട്ടിംഗ് യന്ത്രങ്ങളുടെ പുന:പരിശോധന നടക്കുകയുള്ളൂവെന്നും കമ്മീഷൻ പറഞ്ഞു.
വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്നത് കൊണ്ടാണ് വിചാരിച്ച വിജയം നേടാൻ കഴിയാഞ്ഞതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു . യന്ത്രത്തിൽ തിരിമറി നടത്തിയാണ് ബിജെപി ഗംഭീര വിജയം നേടിയെന്ന ആരോപണങ്ങളും ഉയർന്നിരുന്നു . ഇതെല്ലാം അസംബന്ധമണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.