തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നാളെ മുതല്‍ എസ്ബിഐയുടെ ഭാഗമാകും. ഏഴ് പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷമാണ് എസ്ബിറ്റിയ്ക്ക് ഇന്ന് തിരശ്ശീല വീണത്. ലയനവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ നേരത്തെ ഉടലെടുത്തിരുന്നു.
കേരളത്തിലൊട്ടാകെ 888 ശാഖകളുള്ള എസ്ബിറ്റിയും 483 ശാഖകളുള്ള എസ്ബിഐയും ലയിക്കുന്നതിനെ ചരിത്ര സംഭവമെന്നാണ് വിശേഷിപ്പിക്കേണ്ടത്. ഇതോടെ 1400ല്‍പ്പരം ശാഖകളുമായി എസ്ബിഐ പുതുചരിത്രമെഴുതും. എസ്ബിഐയില്‍ ലയിച്ചെങ്കിലും എസ്ബിറ്റി തല്ക്കാലം ശാഖകള്‍ പൂട്ടുകയോ ജീവനക്കാരെ മാറ്റുകയോ ഇല്ല.
അക്കൗണ്ട് നമ്പര്‍, പാസ്ബുക്ക് എന്നിവയ്ക്കും മാറ്റമില്ലെന്നതിനൊപ്പം ജൂണ്‍ വരെ നിലവിലുള്ള ചെക്ക് ബുക്കും പാസ്ബുക്കും ഉപയോഗിക്കുകയുമാവാം. അടുത്തടുത്തുള്ള 160 ശാഖകള്‍ സ്ഥലപ്പേരില്‍ മാറ്റം വരുത്തി നിലനിര്‍ത്താനാണ് തീരുമാനം. ഒരേസ്ഥലത്ത് രണ്ട് ശാഖകള്‍ വരുമ്പോഴുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണിത്. എസ്ബിടിയുടെ പൂജപ്പുരയിലെ ആസ്ഥാനമായിരിക്കും ഇനിയങ്ങോട്ട് എസ്ബിഐ ഉപയോഗിക്കുക. ഒരാഴ്ചയ്ക്കകം ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
എസ്ബിറ്റിയുടെ മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പദവി സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. ഇതില്‍ അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കും. ഇതോടൊപ്പം ബാങ്കുകള്‍ തമ്മിലുള്ള ഡാറ്റാ ലയനം ഏപ്രില്‍ 23ന് പൂര്‍ത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം നെറ്റ് ബാങ്കിംഗില്‍ ഉടന്‍ മാറ്റം വരുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഇനി മുതല്‍ എസ്ബിറ്റി അക്കൗണ്ടുടമകളും നെറ്റ് ബാങ്കിംഗിനായി www.sbi.com എന്ന സൈറ്റിലാണ് പ്രവേശിക്കേണ്ടത്.
എസ്ബിറ്റി ആസ്ഥാനത്ത് അവസാന ദിവസം നടന്ന ചടങ്ങില്‍ സ്മാരക പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി.