കരുനാഗപ്പളളി: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ 8 അംഗ വിദ്യാർത്ഥി സംഘത്തിലെ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കരുനാഗപ്പളളി സ്ലോമിൻ ഭവനിൽ, സ്ലോമിൻ (17), കരുനാഗപ്പളളി അരുണോദയം വീട്ടിൽ അരുൺ (18) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.45നാണു സംഭവം. കരുനാഗപ്പളളിയിൽ വിവിധ സ്കൂളുകളിലായി പ്ലസ് ടുവിൽ പഠിച്ചു വരുന്ന 8 വിദ്യാർത്ഥികൾ ചൊവ്വാഴ്ച പരീക്ഷ തീർന്ന സാഹചര്യത്തിൽ സുഹൃത്തിന്റെ പെങ്ങളുടെ വിവാഹം കൂടാൻ എന്ന പേരിൽ 4 ബൈക്കുകളിലായി തെന്മലയിൽ എത്തുകയും, ഒറ്റക്കൽ പാറക്കടവിന് സമീപം കല്ലടയാറ്റിൽ കുളിക്കാനിറങ്ങുകയുമായിരുന്നു.
അപകട സൂചന അറിയിച്ചുള്ള KIP യുടെ ബോർഡ് അവഗണിച്ചാണ് ഇവർ ആറ്റിൽ ഇറങ്ങിയത്. പാറയിൽ കാൽ വഴുതി സ്ലോമിൻ ആദ്യം മുങ്ങി താഴുകയും, രക്ഷിക്കാനിറങ്ങിയ അരുൺ ഒപ്പം മുങ്ങി താഴുകയുമായിരുന്നു.