മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിയും സമാപിച്ചു. ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. അന്തിമ ചിത്രം വ്യക്തമായതോടെ മണ്ഡലത്തില്‍ കടുത്ത പ്രചാരണത്തിലാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിയും കഴിഞ്ഞതോടെ മലപ്പുറം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി. ഫൈസല്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ് എന്നിവരുള്‍പ്പെടെ ഒമ്പതു പേരാണ് മത്സര രംഗത്ത്. ആറു പേര് സ്വതന്ത്രരാണ്.
ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമായി പതിമൂന്നര ലക്ഷത്തോളം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. പകുതിയിലേറെ സ്ത്രീകള്‍. ഏഴായിരത്തോളം പുതിയ വോട്ടര്‍മാരുണ്ട്.
ചിത്രം വ്യക്തമായതോടെ സ്ഥാനാര്‍ത്ഥികളെല്ലാം പ്രചാരണം ഊര്‍ജ്ജിതമാക്കി. കുഞ്ഞാലിക്കുട്ടിയുടെ വാഹന പ്രചാരണ ജാഥക്ക് തുടക്കമായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എന്‍. ശ്രീപ്രകാശിന്റെ മഹാസമ്പര്‍ക്കവും ആരംഭിച്ചു. കഴിഞ്ഞ തവണത്തെ റെക്കോഡ് ഭൂരിപക്ഷം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണമെങ്കിലും ലീഗിനുള്ളിലെ വിഭാഗീയതയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിസഹകരണവുമെല്ലാം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം.
അതേസമയം എല്‍ഡിഎഫിന് മണ്ഡലങ്ങളില്‍ കാര്യമായൊന്നും ചെയ്യാനാകുന്നുമില്ല. എല്‍ഡിഎഫ് മന്ത്രിസഭയിലെ ഒരു മന്ത്രികൂടി രാജിവച്ചതോടെ പ്രചാരണത്തിലും ആ മാന്ദ്യത പ്രകടമായിരുന്നു. വീടുകളില്‍ കയറിയിറങ്ങിയും പൊതുപരിപാടികളില്‍ പങ്കെടുത്തും മണ്ഡലത്തില്‍ സജീവ സാന്നിധ്യമാവുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീപ്രകാശ്.