കോട്ടയം: കോട്ടയം ജില്ലയില്‍ സി.പി.എം അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. ഭൂമി കയ്യേറിയെന്ന വ്യാജ ആരോപണമുന്നയിച്ച് വീടിനു നേരെ സി.പി.എം ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടു. അക്രമത്തില്‍ വൃദ്ധയടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടിന്റെ ജനല്‍ച്ചില്ലുകളും വാഹനങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തു.
കോട്ടയം അയര്‍ക്കുന്നം സ്വദേശിയായ ജെയ്നിന്റെ വീടിനു നേരെയാണ് സി.പി.എം ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്. മാലിന്യം ഇടുന്നത് സംബന്ധിച്ച് അയല്‍വാസിയുമായി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ജെയ്ന്‍ വീടിന് മതിലുകെട്ടി. തുടര്‍ന്ന് അയല്‍വാസി പ്രാദേശിക സി.പി.എം നേതാക്കളുടെ കൂട്ട്പിടിച്ച് മതില് കെട്ടിയത് പുറമ്പോക്ക് ഭൂമിയിലാണെന്ന വ്യാജ ആരോപണം ജെയ്നിനെതിരെ ഉന്നയിച്ചു. എന്നാല്‍ റീസര്വ്വേയില്നിന്നും നടത്തിയ അന്വേഷണത്തില്‍ ജെയ്ന്‍ സ്വന്തം ഭൂമിയിലാണ് മതില് കെട്ടിയതെന്ന് തെളിയുകയും ചെയ്തു.
ഇതോടെ സി.പി.എം പ്രവര്‍ത്തകര്‍ രാത്രി സമയത്തെത്തി മതില് പൂര്‍ണ്ണമായും പൊളിച്ചു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിനു ശേഷം ജെയ്ന്‍ വീട്ടിലെത്തിയപ്പോള്‍ സി.പി.എം ഗുണ്ടകള്‍ വീടിന്റെ ജനല്‍ച്ചില്ലുകളും, വാഹനങ്ങളും അടക്കം തല്ലിത്തകര്‍ത്തു.
അക്രമത്തില്‍ വൃദ്ധയടക്കമുളള കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിക്കെതിരെ ജെയ്ന്‍ പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സി.പി.എം ഗുണ്ടകളെ വിട്ട് അക്രമം നടത്തിച്ചത്. സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളടക്കമുളള തെളിവുകളുമായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി.