കോട്ടയം: സിസ്റ്റര്‍ അഭയകേസില്‍ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ സാധിച്ചിരുന്നെങ്കില്‍ കത്തോലിക്ക സഭയ്ക്ക് ഇന്ന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ വരില്ലായിരുന്നുവെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍. വൈദിക വേഷമണിഞ്ഞ് എന്തു കുറ്റവും ചെയ്യാമെന്ന അവസ്ഥയാണിപ്പോഴെന്നും അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായ ജോമോന് പറഞ്ഞു.
വൈദികരുമായി ബന്ധപ്പെട്ട പീഡനവാര്‍ത്തകള്‍ ഇന്ന് മാദ്ധ്യമങ്ങളില്‍ നിറയുകയാണ്. സിസ്റ്റര്‍ അഭയകേസില്‍ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ സാധിച്ചിരുന്നെങ്കില്‍ കത്തോലിക്ക സഭയ്ക്ക് ഇന്ന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ വരില്ലായിരുന്നു. സിസ്റ്റര്‍ അഭയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ വൈദികരായ പ്രതികളെ അന്നും ഇന്നും സഭ സംരക്ഷിക്കുകയാണെന്നും അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് കാല് നൂറ്റാണ്ട് തികയുന്ന ഈ മാസം 27ന് നീതി വൈകുന്നത് നീതിനിഷേധത്തിന് തുല്യം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഒ രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ഡി ശ്രീദേവി ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.
1992 മാര്‍ച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്ത് ഹോസ്റ്റലിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.