ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ ജീവനക്കാരനെ ശിവസേനാ എംപി ചെരുപ്പൂരി അടിച്ചു. ഒസ്മാനാബാദില്‍ നിന്നുള്ള ലോക്സഭാംഗം രവീന്ദ്ര ഗെയ്ക്ക്വാദാണ് ജീവനക്കാരനെ അടിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
ബിസിനസ് ക്ലാസിന് പകരം ഇക്കോണമി ക്ലാസില്‍ ഇരുത്തിയതിനായിരുന്നു എംപി, ഡ്യൂട്ടി മാനേജരെ ചെരുപ്പൂരിയടിച്ചത്.
പൂനെ-ഡല്‍ഹി വിമാനത്തില്‍ ഓപ്പണ്‍ ടിക്കറ്റായിരുന്നു എം പി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ഈ സെക്ടറില്‍ ഇക്കോണമി ക്ലാസ് മാത്രമുളള വിമാനമാണ് സര്‍വീസ് നടത്തിയത്. ബുധനാഴ്ച തന്നെ ഇക്കാര്യം എംപിയുടെ ഓഫീസില്‍ അറിയിച്ചിരുന്നുവെന്നും കുഴപ്പമില്ലെന്നാണ് ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചതെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.
എന്നാല്‍. പൂനെയില്‍ നിന്ന് വിമാനത്തില്‍ കയറിയ എംപി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഇറങ്ങിയില്ല. വ്യോമയാന മന്ത്രി തന്നോട് മാപ്പു പറയണമെന്നായിരുന്നു എംപിയുടെ നിലപാട്. ഇതറിഞ്ഞ് എംപിയോട് സംസാരിക്കാനെത്തിയതായിരുന്നു ഡ്യൂട്ടി മാനേജര്‍.
25 തവണയിലധികം താന്‍ ജീവനക്കാരനെ ചെരുപ്പ് കൊണ്ട് അടിച്ചുവെന്ന് രവീന്ദ്ര ഗെയ്ക്ക്വാദ് തന്നെ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.