ന്യൂഡൽഹി: ലണ്ടനിൽ യു.കെ പാർലമെന്റിനു മുൻപിലുണ്ടായ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും, രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയും ദുഃഖം രേഖപ്പെടുത്തി. യു.കെയ്ക്ക് ഭാരതം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ലണ്ടനിലുണ്ടായ ഭീകരാക്രമണം അത്യന്തം ദുഃഖകരമാണ്. ആക്രമണത്തിന്റെ ഇരകളോടൊപ്പം ഭാരതത്തിന്റെ പ്രാർത്ഥനകളുണ്ടാകും. അദ്ദേഹം പറഞ്ഞു. ഈ സമയം ഭാരതം യു.കെയോടൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണവാർത്ത ഞെട്ടലുണ്ടാക്കിയെന്ന് രാഷ്ട്രപതി പ്രതികരിച്ചു. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും പരിക്കേറ്റവർക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടനിൽ പാർലമെന്റ് മന്ദിരത്തിനു മുൻപിലുളള പാലത്തിലേക്ക് കാർ ഇടിച്ചു കയറ്റിയ ഭീകരർ സുരക്ഷാസൈനികർക്കു നേരേ നിറയൊഴിക്കുകയും, ഒരു പൊലീസുദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും നാൽപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.