ഇംഫാൽ : മണിപ്പൂരിൽ നാഗ സംഘടനകൾ നടത്തി വന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ 130 ദിവസമായി സംഘടനൾ സമരത്തിലായിരുന്നു.
2016 നവംബർ 1 നാണ് മണിപ്പൂരിൽ നാഗ സംഘടനകൾ പ്രക്ഷോഭം ആരംഭിച്ചത്. കഴിഞ്ഞ കോൺഗ്രസ് സർക്കാർ 7 പുതിയ ജില്ലകൾ രൂപികരിച്ചതിനെതിരെയായിരുന്നു പ്രക്ഷോഭം . സംസ്ഥാനത്തേക്കുള്ള രണ്ട് പ്രധാനപ്പെട്ട ഹൈവേകൾ അടച്ചാണ് സംഘടനകൾ പ്രക്ഷോഭം നടത്തിയത്.
പ്രധാന ഹൈവേകൾ അടഞ്ഞു കിടക്കുന്നതിനെ തുടർന്ന് മാസങ്ങളായി മണിപ്പൂരിൽ ഗതാഗതം തടസ്സപ്പെട്ട സ്ഥിതിയായിരുന്നു. അതിനിടെയാണ് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് സമരസമിതി നേതാക്കളുമായി ചർച്ച നടത്തിയത്. ചർച്ചയെ തുടർന്ന് 130 ദിവസമായി നടത്തി വന്ന പ്രക്ഷോഭം നാഗ സംഘടനകൾ അവസാനിപ്പിക്കുകയായിരുന്നു.
ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ മണിപ്പൂരിൽ നടന്നു വരുന്ന പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പറഞ്ഞിരുന്നു.സർക്കാർ അധികാരത്തിലെത്തി മൂന്ന് ദിവസത്തിനകം തന്നെ നാഗ സംഘടനകളമായി ചർച്ച നടത്തുകയും സമരം അവസാനിപ്പിക്കുകയും ചെയ്തു.