ന്യൂഡൽഹി: രാഷ്ട്രപതി പ്രണബ് മുഖർജ്ജിയെ ആദരവില്ലാതെ പരാമർശിച്ച ട്വീറ്റ് രാഷ്ട്രപതിയുടെ മകളുടെ രൂക്ഷ പ്രതികരണത്തേത്തുടർന്ന് പിൻവലിച്ച് കോൺഗ്രസ്.
കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ആണ് 1985ൽ രാജീവ് ഗാന്ധിയും പ്രണബ് മുഖർജ്ജിയും കൂടിയുളള ചിത്രത്തിനടിയിൽ ശ്രീ രാജീവ് ഗാന്ധിയെന്നും, പ്രണബ് മുഖർജ്ജിയെ വെറും പ്രണബ് മുഖർജ്ജിയെന്നും പരാമർശിച്ചത്.
ഇതിനോട് രൂക്ഷമായി പ്രതികരിച്ചുകൊണ്ടാണ് രാഷ്ട്രപതിയുടെ മകൾ ശർമിഷ്ഠ മുഖർജ്ജി രംഗത്തെത്തിയത്. അദ്ദേഹം ഇന്ന് രാജ്യത്തിന്റെ പ്രസിഡന്റ് ആണെന്നും കുറഞ്ഞ പക്ഷം പേരിനോടൊപ്പം ശ്രീ ചേർക്കാനുളള മര്യാദ കാണിക്കണമെന്നുമായിരുന്നു ശർമിഷ്ഠ മുഖർജ്ജിയുടെ പ്രതികരണം.
ശർമിഷ്ഠയുടെ ട്വീറ്റ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതിനേത്തുടർന്ന് കോൺഗ്രസ് തങ്ങളുടെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. അതേസമയം ഇതിനോടകം തന്നെ ഈ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാദ്ധ്യമങ്ങളിലാകെ പ്രചരിച്ചു കഴിഞ്ഞിരുന്നു.
കോൺഗ്രസ് തങ്ങളുടെ ട്വീറ്റ് പിൻവലിച്ചെങ്കിലും ശർമിഷ്ഠ മുഖർജ്ജിയുടെ ട്വീറ്റ് ഇപ്പോഴും അതേപടി തന്നെയുണ്ട്.