കോട്ടയം: സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്ററുകളുമായി എസ്എഫ്ഐ. കോട്ടയം മാന്നാനം കെ ഇ കോളേജിലാണ് അറപ്പുളവാക്കുന്ന വാക്കുകളോടെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിനെതിരെ വിദ്യാര്‍ത്ഥിനികളും അധ്യാപികമാരും രംഗത്ത് വന്നപ്പോള്‍ ആധുനികയുഗത്തില്‍ പച്ചക്കുള്ള പദപ്രയോഗം ആകാമെന്നായിരുന്നു എസ്എഫ്ഐയുടെ ന്യായീകരണം.
വനിതാദിനത്തിലാണ് മാന്നാനം കെ ഇ കോളേജില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കോളേജ് യൂണിയന് ഭരിക്കുന്നത് എസ്എഫ്ഐ ആയതുകൊണ്ട് പോസ്റ്ററിന്റെ കാര്യത്തില്‍ ഒട്ടുംതന്നെ അത്ഭുതവും വേണ്ട. വനിതാദിനത്തോടനുബന്ധിച്ച് ക്യാമ്പസിനുള്ളില്‍ കോളേജ് യൂണിയന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെ വാക്കുകളാണ് വിവാദമായിരിക്കുന്നത്.
സ്ത്രീയുടെ ലൈംഗിക അവയവത്തിന്റെ വര്ണനയുള്പ്പെടെയുള്ള എസ്എഫ്ഐ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് വിളിക്കുന്ന പോസ്റ്ററുകള്‍ ഞെട്ടലോടെയാണ് വിദ്യാര്‍ത്ഥിനികളും അധ്യാപികമാരും കണ്ടത്. അറപ്പുളവാക്കുന്ന വാക്കുകളാണ് പോസ്റ്ററുകളിലുടനീളം കണ്ടത്. നമ്മള് ആധുനിക യുഗത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലന്നു പറഞ്ഞാണ് പോസ്റ്ററുകളിലെ പ്രയോഗങ്ങളെ എസ്എഫ്ഐ ന്യായീകരിച്ചത്.
വനിതാ അദ്ധ്യാപകര്‍ ഉള്‍പ്പെടെ പോസ്റ്ററിനെതിരെ രംഗത്ത് എത്തിയപ്പോള്‍ പ്രിന്‍സിപ്പാളും മാനേജ്മെന്റും പരാതിക്കാര്‍ക്കെതിരെ ഭീഷണിയുയര്‍ത്തി. കോളേജിലെ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തി സംഭവത്തില്‍ എസ്എഫ്ഐ മാപ്പ് പറയാമെന്ന ധാരണയിലെത്തിയിരുന്നെങ്കിലും യൂണിറ്റ് സെക്രട്ടറി നിധിന് സണ്ണി നടത്തിയ പ്രസംഗം പോസ്റ്ററിനെ ന്യായീകരിച്ചുള്ളതായിരുന്നു.