കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് മാറ്റിയതായി പൊലീസ് റിപ്പോര്‍ട്ട്. മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറാണ് ദൃശ്യങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയത്.
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ദൃശ്യങ്ങള്‍ അഭിഭാഷകന്റെ കൈയില്‍ നല്കിയ മൊബൈല്‍ ഫോണിലുണ്ടെന്ന മൊഴി സംബന്ധിച്ച് വിശദാംശങ്ങളുളളത്. മുഖ്യപ്രതിയായ പള്‍സര്‍ സുനിയാണ് ദൃശ്യങ്ങള്‍ മറ്റൊരു മൊബൈലില്‍ നിന്ന് അഭിഭാഷകന് നല്കിയ മൊബൈലിലേക്ക് പകര്‍ത്തിയിരുന്നതായി വ്യക്തമാക്കിയത്. അഭിഭാഷകന് ഇത് കോടതിയില്‍ സമര്‍പ്പിക്കുകയും കോടതി പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.
പൊലീസ് ഇത് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്കയച്ചു. നേരത്തേ പള്‍സര്‍ സുനിയുടെ മൊബൈല്‍ കണ്ടെത്താന്‍ പൊലീസ് കൊച്ചി കായലിലടക്കം പരിശോധന നടത്തിയിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിരുന്നില്ല. സുനി മാത്രമാണ് നടിയെ ഉപദ്രവിച്ചതെന്നും പൊലീസ് നല്കിയ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനി, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുകയാണ്.