തൃശൂര്‍: നെഹ്റു കോളജ് ചെയര്മാന് പി. കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ നിരാശ പ്രകടിപ്പിച്ച് ജിഷ്ണു പ്രണോയിയുടെ കുടുംബം രംഗത്തെത്തി. ജാമ്യം അനുവദിച്ചതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ ഉള്‍പ്പെടെയുളളവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ നശിപ്പിച്ച പൊലീസുകാരാണ് കേസ് അട്ടിമറിച്ചതെന്നും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഉള്‍പ്പെടെ അഞ്ച് ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുകയാണെന്നും കുടുംബം വ്യക്തമാക്കി.
പൊലീസുകാര്‍ക്കും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ച ഡോക്ടര്‍മാര്‍ക്കും എതിരെ നടപടി വേണം. മുഴുവന്‍ പ്രതികളെയും ജയിലില്‍ അടയ്ക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. നിലവിലെ അന്വേഷണ സംഘത്തെ നിലനിര്‍ത്തി പഴുതടച്ച അന്വേഷണം നടത്തണം തുടങ്ങി അഞ്ച് ആവശ്യങ്ങളാണ് ജിഷ്ണുവിന്റെ കുടുംബം ഉന്നയിച്ചത്. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് അടുത്ത ദിവസം ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെയുളളവര്‍ മുഖ്യമന്ത്രിയെ കാണുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
കൃഷ്ണദാസിന് ജാമ്യം ലഭിച്ച വിധി പ്രതീക്ഷിച്ചതു തന്നെയാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വന്ന പാളിച്ചയാണ് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുളള സാഹചര്യം ഉണ്ടാക്കിയത്. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് സംഘം തെളിവുകള്‍ നശിപ്പിച്ചു. റൂറല്‍ എസ്പി ഉള്‍പ്പെടെയുളളവര്‍ പണം പറ്റി പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒഴിവാക്കുകയാണ്. ഒന്ന് ഹാജാരാകാന്‍ ആവശ്യപ്പെട്ട് ഒരു പൊലീസ് സൂപ്രണ്ട് കൃഷ്ണദാസിന് പിന്നാലെ കാലുപിടിക്കാന്‍ പോയിട്ടുണ്ട്. ഇനിയും നിരവധി ജിഷ്ണു പ്രണോയിമാരെ സൃഷ്ടിക്കാന്‍ മാത്രമേ ഇത് സഹായിക്കുവെന്നും കുടുംബം പറഞ്ഞു.
അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ കൃഷ്ണദാസ് കോളജില്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവായിരുന്നു. എന്നാല്‍ അത്തരം ശാസ്ത്രീയ തെളിവുകള്‍ കൃഷ്ണദാസ് നശിപ്പിച്ചുകഴിഞ്ഞു. ജിഷ്ണു മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് മറ്റൊരു കുട്ടിയെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ആ കുട്ടി പറയുന്നത് ജീവിച്ചിരിക്കുന്ന ജിഷ്ണു പ്രണോയി ആണെന്നാണ്. ആ തെളിവ് പോലും കണക്കിലെടുത്തിട്ടില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി.
കൃഷ്ണദാസിന് ജാമ്യം ലഭിക്കുമെന്ന് അവര്‍ക്ക് നേരത്തെ നല്ല ബോധ്യമുണ്ടായിരുന്നു അതുകൊണ്ടാണ് കോളജിന് അവധി പ്രഖ്യാപിച്ചതെന്നും കുടുംബം ചൂണ്ടിക്കാട്ടി. 19 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി കൃഷ്ണദാസിന്റെ വാര്‍ഷിക വരുമാനം 250 കോടി രൂപയാണ്. അതിന്റെ പത്ത് ശതമാനം ചെലവഴിച്ചാല്‍ എല്ലാം വിലയ്ക്കെടുക്കാന്‍ കഴിയും. തങ്ങള്‍ ദുര്‍ബ്ബലരും സാധാരണക്കാരുമാണെന്നും അതുകൊണ്ടു തന്നെ തങ്ങള്‍ മുന്നിട്ടിറങ്ങി ഒരു പ്രക്ഷോഭത്തിന് ഇല്ല എന്നാല്‍ ഇനിയൊരു കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കാന്‍ കേരള സമൂഹം നടത്തുന്ന പോരാട്ടത്തിന് ഒപ്പമുണ്ടാകുമെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.