തിരുവനന്തപുരം: വികസനം മുടക്കികളുടെ നിലപാടുകള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുളള നന്ദിപ്രമേയചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പുറത്തുളളവരാണ് വികസനം മുടക്കാന്‍ ശ്രമിക്കുന്നതെന്നും അവരുടെ എതിര്‍പ്പ് വിലപ്പോകില്ലെന്നും പിണറായി വിജയന് പറഞ്ഞു.
ഭരണപക്ഷമോ പ്രതിപക്ഷമോ അല്ല വികസന പദ്ധതികള്‍ മുടക്കാന്‍ മുന്നിട്ടിറങ്ങുന്നത്. അതിന് വേണ്ടി ചില സംഘടനകള്‍ ഉണ്ട്. അത് മാത്രമാണ് അവരുടെ ലക്ഷ്യം. നാടിന്റെ താല്പര്യത്തിന് വിരുദ്ധമാണ് അതെന്നും
മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പല അഭിപ്രായ ഭിന്നതകളും ഉണ്ടാകും. പക്ഷെ വികസന വിരോധികളെ അംഗീകരിക്കണോ എന്നാണ് ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിരപ്പിളളി പദ്ധതിക്കായി 42 ഹെക്ടര്‍ സ്ഥലത്തെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനംവകുപ്പിന് അപേക്ഷ നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. അതിരപ്പിളളി പദ്ധതിക്കെതിരേ പരിസ്ഥിതി സംഘടനകളും സിപിഐ അടക്കമുളള കക്ഷികളും നേരത്തെ തന്നെ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇത് അവഗണിച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.
നമ്മുടെ അടിസ്ഥാന വികസനം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതതുണ്ട്. ഈ മേഖലകളില്‍ നല്ല രീതിയിലുളള നിക്ഷേപം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. സര്‍ക്കാര്‍ കാണുന്ന വികസനം എല്ലാ പ്രശ്നങ്ങളും ഉള്ക്കൊളളുന്നതാണെന്നും പിണറായി വിജയന് പറഞ്ഞു.