തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2016ല്‍ 40 ശതമാനം കേസുകള്‍ അധികം ചാര്‍ജ്ജ് ചെയ്യപ്പെട്ടപ്പോള്‍ പട്ടികയില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനത്തെത്തി. സംസ്ഥാനത്തെ ചൈല്‍ഡ് ലൈനുകളുടെ തലപ്പത്ത് മതപുരോഹിതന്മാര് ആണെന്നതിനാല്‍ പല പരാതികളും ഒതുക്കപ്പെടുന്നുവെന്നും ആക്ഷേപമുണ്ട്.
കണ്ണൂരില്‍ ക്രൈസ്തവ പുരോഹിതന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ സംഭവത്തിനു പിന്നാലെയാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2016ല്‍ 40ശതമാനത്തിന്റെ വര്‍ദ്ധനവാണ് പോക്സോ കേസുകളില്‍ ഉണ്ടായത്. ഇതില്‍ ലൈംഗികാതിക്രമമുള്‍പ്പെടെ 241 കേസുകളുമായി മലപ്പുറമാണ് മുന്നില്‍. തലസ്ഥാന ജില്ലയായ തിരുവനന്തപുരം 188, എറണാകുളം 156, കണ്ണൂര്‍ 142, കോട്ടയം 114 എന്നിങ്ങനെ പോകുന്നു മറ്റ് ജില്ലകളിലെ കണക്കുകള്‍.
വിവിധ വിഭാഗങ്ങളിലായി ആകെ 2093 കേസുകളാണ് 2016ല്‍ സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ സംസ്ഥാനത്തെ ചൈല്‍ഡ് ലൈനുകളുടെ തലപ്പത്ത് ഭൂരിഭാഗവും ക്രൈസ്തവ മതപുരോഹിതന്മാര് ആണെന്നതിനാല്‍ മതത്തിന്റെ ഇടപെടല്‍ പോക്സോ കേസുകളില്‍ ഉണ്ടാകുന്നുവെന്ന പരാതികളും ഉയരുന്നുണ്ട്. ഭീഷണിപ്പെടുത്തിയും മതവിലക്ക് കല്പ്പിച്ചും മറ്റുമാണ് പരാതി പിന്‍വലിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ നടക്കുന്നത്.
അതേസമയം കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഉള്‍പ്പെടെ വിധേയരാകുന്ന കുട്ടികളില്‍ മുതിര്‍ന്ന് കഴിഞ്ഞാലും മാനസിക പ്രശ്നങ്ങളും അരക്ഷിതാവസ്ഥയുമുള്പ്പെടെ കാണപ്പെടാറുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.