മണിപ്പൂർ: മണിപ്പൂർ ഉൾപ്പടെയുളള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കോൺഗ്രസ് ആണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോൺഗ്രസിന്റെ കുത്തഴിഞ്ഞ ഭരണം സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർത്തുവെന്നും കിരൺ റിജിജു മണിപ്പൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
സമാധാനമാണ് വികസനത്തിന്റെ ആദ്യ ചവിട്ടുപടി. മണിപ്പൂർ ഉൾപ്പടെയുളള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രമസമാധാന നില തകർന്ന അവസ്ഥയിലാണ്. ഇതിനു കാരണം കോൺഗ്രസിന്റെ കുത്തഴിഞ്ഞ ഭരണമാണെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞു. മണിപ്പൂരിലെ സുരക്ഷാ ഉദ്യോഗസ്ഥർ വർഷങ്ങളായി കോൺഗ്രസ് ഭരണത്തിന്റെ കീഴിലാണ് ഇത് സംസ്ഥാനത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചുവെന്നും അദേഹം പറഞ്ഞു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസന മുരടിപ്പിന് കാരണം കോൺഗ്രസ് സർക്കാരിന്റെ മുരടിച്ച ഭരണമാണെന്നും കിരൺ റിജിജു കുറ്റപ്പെടുത്തി. നമ്മുടെ രാജ്യത്ത് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. സ്വന്തം രാജ്യത്തെ കുറ്റം പറയുന്നത് ജനിച്ച മണ്ണിനെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും അദേഹം കൂട്ടി ചേർത്തു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മണിപ്പൂർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.