ലോസ്ഏഞ്ചൽസ്: 89ആമത് ഓസ്കാർ പുരസ്കാരദാനത്തിന്റെ തിളക്കത്തിലാണ് ലോസ്ഏഞ്ചൽസിലെ ഡോൾബി തീയറ്റർ. മികച്ച ചലച്ചിത്രമായി മൂൺലൈറ്റ് തിരഞ്ഞെടുത്തു. മികച്ച നടനുളള പുരസ്കാരം കാസെ അഫ്ലെക്ക് ലഭിച്ചു. മാഞ്ചെസ്റ്റർ ബൈ ദ സീ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ലാ ലാ ലാൻഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമാ സ്റ്റോണാണ് മികച്ച നടിക്കുളള പുരസ്കാരം സ്വന്തമാക്കിയത്. മികച്ച സംവിധായകനുളള പുരസ്കാരം ലാ ലാ ലാൻഡിന്റെ സംവിധായകൻ ഡാമിയൻ ഷാസെൽ സ്വന്തമാക്കി.
മൂൺലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മഹെർഷലാ അലി മികച്ച സഹനടനുളള പുരസ്കാരവും, ഫെൻസസ് എന്ന ചിത്രത്തിലെ അഭിനയത്തിന് വയോലാ ഡേവിസ് മികച്ച സഹനടിക്കുളള പുരസ്കാരവും സ്വന്തമാക്കി. സ്ലം ഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഇന്ത്യൻ വംശജൻ ദേവ് പട്ടേലും മികച്ച സഹനടനുളള നാമനിർദ്ദേശപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും പുരസ്കാരം ലഭിച്ചില്ല.
ആറോളം പുരസ്കാരങ്ങൾ സ്വന്തമാക്കി ലാ ലാ ലാൻഡ് തന്നെയാന് ഈ വർഷത്തെ ഓസ്കാർ വേദിയിലെ തിളങ്ങുന്ന താരം. ഗ്രാമി, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും കരസ്ഥമാക്കിയ ചിത്രമാണ് ലാ ലാ ലാൻഡ്.
മികച്ച തിരക്കഥ മാഞ്ചസ്റ്റർ ബൈ ദ സീ എന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയ കെന്നത്ത് ലോനെർഗാൻ, മികച്ച അഡാപ്റ്റഡ് തിരക്കഥ മൂൺലൈറ്റിനു തിരക്കഥയൊരുക്കിയ ബാരി ജെങ്കിൻസ് എന്നിവർ കരസ്ഥമാക്കി. അവാർഡ് നേടിയ മറ്റു വിഭാഗങ്ങൾ ചുവടെ;
- മികച്ച വിദേശഭാഷാചിത്രം: ദി സെയിൽസ്മാൻ
- മികച്ച ഛായാഗ്രഹണം: ലിനസ് സാൻഡ്ഗ്രൈൻ (ലാ ലാ ലാൻഡ്)
- മികച്ച പശ്ചാത്തല സംഗീതം: ജസ്റ്റിൻ ഹർവിറ്റ്സ് (ലാ ലാ ലാൻഡ്)
- മികച്ച ഗാനം: സിറ്റി ഓഫ് സ്റ്റാർസ് (ലാ ലാ ലാൻഡ്)
- മികച്ച ആനിമേഷൻ ചിത്രം: സൂട്ടോപ്പിയ
- മികച്ച ഡോക്യുമെന്ററി (ഷോർട്ട് സബ്ജക്റ്റ്): ദി വൈറ്റ് എലമെന്റ്സ്
- മികച്ച ഷോർട്ട് ഫിലിം (ലൈവ് ആക്ഷൻ): സിങ്
- മികച്ച വിഷ്വൽ എഫക്ട്സ്: ജംഗിൾ ബുക്ക്
- മികച്ച ഫിലിം എഡിറ്റിംഗ്: ജോൺ ഗിൽബർട്ട് (ഹാക്ക്സോ റിഡ്ജ്)
- മികച്ച പ്രൊഡക്ഷൻ ഡിസൈനർ: ഡേവിഡ് വാസ്ക്കോ, സാൻഡി റെയ്നോൾഡ്സ് (ലാ ലാ ലാൻഡ്)
- മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം: പൈപ്പർ
- മികച്ച ശബ്ദസംയോജനം: സിൽവൈൻ ബെൽമെയർ (അറൈവൽ)
- മികച്ച ശബ്ദമിശ്രണം: കെവിൻ കൊണെൽ, ആൻഡീ റൈറ്റ്, റോബർട്ട് മക്കെൻസീ, പീറ്റർ ഗ്രേസ് (ഹാക്ക്സോ റിഡ്ജ്)
- മികച്ച മേക്കപ്പ്: അലെസാൻഡ്രോ ബർട്ടൊലാസ്സി, ജോർജ്ജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫർ നൽസൺ (സൂയിസൈഡ് സ്ക്വാഡ്)
- മികച്ച വസ്ത്രാലങ്കാരം: കൊളീൻ അറ്റ്വുഡ് (ഫന്റാസ്റ്റിക് ബീറ്റ്സ് ആൻഡ് വേർ ടൊ ഫൈൻഡ് ദെം)