കൻസാസ്: അമേരിക്കയിലെ കൻസാസിൽ ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റു മരിച്ചു. ഹൈസരാബാദ് സ്വദേശി ശ്രീനിവാസ് കുച്ചിബോട്ലയാണ് കൊല്ലപ്പെട്ടത്. 32 വയസായിരുന്നു.
കൻസാസിലെ ഒലാതെയിലുളള ഗാർമെന്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ശ്രീനിവാസ് തന്റെ സുഹൃത്തുക്കളുമായി കൻസാസിലെ ഒരു ബാറിൽ ഇരിക്കവേയാണ് ആക്രമണത്തിനിരയായതെന്നാണ് വിവരം. ഇയാളുടെ കൂടെയുണ്ടായിരുന്ന ർണ്ടു പേർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ‘ഗെറ്റ് ഔട്ട് ഓഫ് മൈ കൺട്രി’ എന്ന് ആകോശിച്ചു കൊണ്ടാണ് അക്രമി ഇവർക്കെതിരേ വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പൊലീസിനോടു പറഞ്ഞു.
യു.എസ് നാവികസേനയിൽ നേരത്തേ ജോലി ചെയ്തിരുന്ന ആദം പ്യൂരിന്റോൺ എന്നയാളെ സംഭവത്തേത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യലഹരിയിലാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് നിഗമനം.
സംഭവത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്ത ഞെട്ടിക്കുന്നതായിരുന്നുവെന്നും ശ്രീനിവാസിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ താൻ പങ്കു ചേരുന്നതായും സുഷമാസ്വരാജ് ട്വീറ്റ് ചെയ്തു.