തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടു പോയ പ്രതിയെ കോടതിയിൽ കയറി പിടികൂടിയ പൊലീസ് നടപടി നാണംകെട്ടതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പൊലീസ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് പ്രതി അവരുടെ കൺമുന്നിൽ വിഹരിച്ചു നടന്നത്.
കീഴടങ്ങാനെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണം. ഇതിൽ ദുരൂഹതയുണ്ട്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ് അറസ്റ്റ് നടന്നതെന്നു പറഞ്ഞ കുമ്മനം, പൊലീസിന്റെ കഴിവുകേടല്ലെങ്കിൽ ഇത് ഒത്തുകളിയാണെന്നും, രണ്ടായാലും പൊലീസിന് ഇത് അപമാനമാണെന്നും ചൂണ്ടിക്കാട്ടി.
പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം. ഉന്നത സഹായമില്ലാതെ പ്രതികൾക്ക് ഇത്രയും ദിവസം ഒളിച്ചു കഴിയാൻ ആവില്ല. നടിയെ തട്ടിക്കൊണ്ടു പോയത് ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ കോടിയേരി പ്രസ്താവന പിൻവലിക്കണമെന്നും കുമ്മനം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.