ന്യൂഡൽഹി : റിലയൻസിന്റെ ജിയോ 4ജി സിം വഴി ഉപയോഗിച്ചത് 100 കോടി ജിഗാബൈറ്റ് ഡേറ്റയെന്ന് മുകേഷ് അംബാനി . ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്നതിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയെന്നും ജിയോയ്ക്ക് റെക്കോർഡ് വേഗത്തിൽ നൂറു മില്യൺ ഉപഭോക്താക്കളെ ലഭിച്ചെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
മാർച്ച് 31 നു മുൻപുള്ള ജിയോ സിമ്മിന്റെ ഉപഭോക്താക്കൾക്ക് പ്രൈം മെംബർഷിപ്പ് നൽകും. മാസം 303 രൂപ നൽകി ഇപ്പോൾ സൗജന്യമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഡാറ്റ പാക്ക് 2018 മാർച്ച് 31 വരെ ഉപയോഗിക്കാവുന്നതാണ്. വരും ദിനങ്ങളിൽ തങ്ങളുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും മുകേഷ് വ്യക്തമാക്കി.
ഇന്ത്യൻ ടെലികോം മേഖലയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് റിലയൻസ് ജിയോ അവതരിപ്പിച്ചത് .ആദ്യം ഡിസംബർ 31 വരെ നൽകിയ സൗജന്യ കോളുകളും ഡാറ്റയും പിന്നീട് മാർച്ച് 31 വരെ നീട്ടി . ജിയോ മാർക്കറ്റ് പിടിക്കുന്നത് മറികടക്കാൻ മറ്റ് കമ്പനികളും തങ്ങളുടെ നിരക്കുകൾ കുറച്ചിരുന്നു.