കോഴിക്കോട്: മുത്വലാഖ് വിഷയത്തില്‍ ലീഗിനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് വക്താവ് എംഎം ഹസന്. മുത്വലാഖ് അപരിഷ്കൃതമാണെന്നും ശരിഅത്ത് നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. യുവനടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭമായി നിസാരവല്ക്കരിക്കരുതെന്നുംഎംഎം ഹസന് ചൂണ്ടിക്കാട്ടി.
ഏകസിവില്‍ കോഡ് നടപ്പാക്കുന്നത് ഉള്‍പ്പെടെ ശരിഅത്ത് നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടായിരുന്നു ലീഗ് നേതൃത്വത്തിന് എക്കാലവും ഉണ്ടായിരുന്നത്. മുത്വലാഖിനെ പിന്‍പറ്റി ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും ലീഗ് ദേശീയസെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ നേരത്തെ പറഞ്ഞിരുന്നു.
കൂടാതെ ശരിഅത്ത് നിയമം സംരക്ഷിക്കുന്നതിന് ലീഗിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ യോഗവും വിളിച്ചുകൂട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് മുത്വലാഖിനെതിരെ എംഎം ഹസന് നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമിക രാജ്യങ്ങള്‍ ശരിഅത്ത് നിയമങ്ങളില്‍ കാലോചിത പരിഷ്കാരം വരുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നതിന് തെളിവാണ് യുവനടി ആക്രമിക്കപ്പെട്ടത്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച റേഷന്‍ സംസ്ഥാനത്ത് വിതരണം ചെയ്യാത്ത അന്നംമുടക്കി സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും എംഎം ഹസന് പറഞ്ഞു.