കറാച്ചി : പാകിസ്ഥാനിലെ പ്രശസ്തമായ ലാൽ കലന്ദർ സൂഫി ദർഗയിൽ നടന്ന ചാവേർ സ്ഫോടനത്തിൽ അൻപത് പേർ കൊല്ലപ്പെട്ടു .നൂറിലധികം പേർക്ക് പരിക്കേറ്റു . ഒരാഴ്ചയ്ക്കിടെ പാകിസ്ഥാനിൽ സംഭവിക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത് .
ദർഗയിലെ പ്രധാന ആരാധനയായ ധമാൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ആദ്യം ഗ്രനേഡ് എറിഞ്ഞതിനു ശേഷം ചാവേർ സ്വയം പൊട്ടിത്തെറിച്ചത്. നൂറുകണക്കിന് വിശ്വാസികൾ ആരാധന നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് സംഭവം . മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് പോലീസ് വ്യക്തമാക്കി.
പാകിസ്ഥാനിലെ സൂഫി ആരാധനലായങ്ങൾക്കെതിരെയുള്ള പാക് താലിബാന്റെ ആക്രമണങ്ങളോട് സാമ്യമുള്ളതാണ് ലാൽ കനന്ദറിൽ നടന്നത് . 2005 നു ശേഷം 25 ലധികം ദർഗകളെ പാക് താലിബാൻ ആക്രമിച്ചിട്ടുണ്ട് .
പ്രധാന നഗരങ്ങളിൽ നിന്ന് അകലെയായതിനാൽ രക്ഷാ പ്രവർത്തനത്തിൽ തടസ്സം നേരിടുന്നുണ്ട് .പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സൈനിക ഹെലികോപ്ടറുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിന്ധ് മുഖ്യമന്ത്രി അറിയിച്ചു.