ശ്രീഹരിക്കോട്ട: ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഐഎസ്ആര്‍ഒ പുതിയ ചരിത്രം കുറിച്ചു. 104 ഉപഗ്രഹങ്ങള്‍ ഒറ്റ വിക്ഷേപണത്തിലൂടെ ഭ്രമണപഥങ്ങളില്‍ എത്തിച്ചുവെന്ന നേട്ടമാണ് ഐഎസ്ആര്‍ഒ എത്തിപ്പിടിച്ചത്. ഒരു വിക്ഷേപണത്തില്‍ 34 ഉപഗ്രഹങ്ങള്‍ എന്ന റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റെക്കോഡാണ് ഐഎസ്ആര്‍ഒ തകര്‍ത്തത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.28 നായിരുന്നു വിക്ഷേപണം.
ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്- 2, നാനോ ഉപഗ്രഹങ്ങളായ ഐഎന്‍എസ് 1 എ, ഐഎന്‍എസ് 1 ബി എന്നിവയും ഇസ്രായേല്‍, കസാക്കിസ്ഥാന്‍, നെതര്‍ലന്‍ഡ്, യുഎഇ, അമേരിക്ക, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ 101 ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. പിഎസ്എല്‍വി സി- 37 റോക്കറ്റിലായിരുന്നു വിക്ഷേപണം. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ഓരോ ഉപഗ്രഹവും ഭ്രമണപഥത്തില്‍ എത്തിച്ചത്.
714 കിലോ ഭാരമുളള കാര്‍ട്ടോസാറ്റ് 2 ആയിരുന്നു ദൗത്യത്തില്‍ ഉണ്ടായിരുന്ന പ്രധാന ഉപഗ്രഹം. 96 ഉപഗ്രഹങ്ങളും യുഎസില്‍ നിന്നുളളതാണെന്ന പ്രത്യേകതയും ഉണ്ട്. കുറഞ്ഞ ചെലവില്‍ ഭൂമിയുടെ ചിത്രം പകര്‍ത്താന്‍ സഹായിക്കുന്ന ചെറു ഉപഗ്രഹങ്ങളാണ് ഇതില്‍ അധികവും. ഡോവ്സ് എന്ന പേരിലുളള ഇത്തരം 88 ഉപഗ്രഹങ്ങളാണ് ഈ കൂട്ടത്തില്‍ ഉളളത്. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുളള പ്ലാനെറ്റ് ഇന്ക് എന്ന കമ്പനിയുടേതാണ് ഈ ഉപഗ്രഹങ്ങള്‍.
ഒറ്റ വിക്ഷേപണത്തിലൂടെ കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ചരിത്ര ദൗത്യത്തിനാണ് ഐഎസ്ആര്‍ഒ ചുക്കാന്‍ പിടിച്ചിരുന്നത്. ഉപഗ്രഹ വിക്ഷേപണങ്ങളുടെ ചെലവ് കുറയ്ക്കുന്നതുള്‍പ്പെടെയുളള ഗുണങ്ങളാണ് ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിട്ടത്. അതുകൊണ്ടു തന്നെ ലോകരാജ്യങ്ങളും ഐഎസ്ആര്‍ഒയുടെ നീക്കത്തെ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 34 വിക്ഷേപണങ്ങളിലൂടെ 121 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചിട്ടുണ്ട്.