ലക്നൗ/ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലും രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലും വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തരാഖണ്ഡിലെ 69 നിയമസഭാ മണ്ഡലങ്ങളും യുപിയിലെ 67 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
70 സീറ്റുകളാണ് ഉത്തരാഖണ്ഡില്‍ ഉളളത്. ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കു്ല്‍ദീപ് കാന്വാസിയുടെ മരണത്തെ തുടര്‍ന്ന് കര്‍ണപ്രയാഗ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാര്‍ച്ച് 9 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. 75,13,547 വോട്ടര്‍മാരാണ് ഉത്തരാഖണ്ഡില്‍ വിധിയെഴുതുക. 10,685 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 628 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നുണ്ട്.
സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും ശക്തമായ പ്രചാരണമായിരുന്നു നടത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ദേവഭൂമിയെ കൊളളഭൂമിയാക്കി മാറ്റുകയാണ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ചെയ്യുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ ഭരണവിരുദ്ധവികാരവും കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും ഉയര്‍ത്തിക്കാട്ടിയായിരുന്നു ബിജെപിയുടെ പ്രചാരണം.
യുപിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 67 മണ്ഡലങ്ങളില്‍ 34 ഉം സമാജ് വാദി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകളാണ്. ബിജെപിക്ക് പത്തും കോണ്‍ഗ്രസിന് നാലും സിറ്റിംഗ് സീറ്റുകളാണ് ഉളളത്. മൊറാദാബാദ്, ബറേലി, പീലിഭട്ട്, ഷഹാറണ്പൂര്, റാംപൂര്‍, ബിജ്നോര്‍ തുടങ്ങിയ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ 73 മണ്ഡലങ്ങളില്‍ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 64.22 ശതമാനമായിരുന്നു പോളിംഗ്.