തിരുവനന്തപുരം: കമ്മ്യൂണിസം എന്നത് താത്കാലിക ആശയം മാത്രമാണെന്ന് ഒ രാജഗോപാൽ എംഎൽഎ. സോഷ്യലിസം അല്ല ധർമ്മരാജ്യ സങ്കൽപ്പമാണ് ഭാരതീയ സാഹചര്യങ്ങൾക്ക് അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു. ദീനദയാൽ സ്മൃതിദിനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഒ രാജഗോപാൽ.
പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ആവിഷ്കരിച്ച ഏകാത്മ മാനവ ദര്‍ശനം ധർമ്മത്തിൽ അധിഷ്ഠിതമാണ്. ഇത് മാത്രമാണ് ഭാരതത്തിൽ നടപ്പാക്കാനാകുന്നത്. 35 വർഷം തുടർച്ചയായി ഭരിക്കാൻ അവസരം കിട്ടിയിട്ടും ബംഗാളിൽ ഒരു മാറ്റവും വരുത്താൻ സിപിഎമ്മിന് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് ജനങ്ങൾ അവരെ തൂത്തെറിഞ്ഞത്.
അതേസമയം ദീനദയാൽ ഉപാദ്ധ്യായയുടെ ദര്‍ശനം അടിസ്ഥാനമാക്കി ഭരണം നടന്ന ഗുജറാത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരാൻ നരേന്ദ്രമോദിക്കും ബിജെപിക്കും സാധിച്ചു. മൗലികമായ വികസനത്തിന് ഏകാത്മ മാനവ ദർശനം മാത്രമാണ് ഉപാധി. അസഹിഷ്ണുതയുടെ പാരമ്പര്യമാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ്, മണ്ഡലം പ്രസിഡന്റ് പി രാജശേഖരൻ, പി രാഘവൻ എന്നിവർ പങ്കെടുത്തു.