തിരുവനന്തപുരം: ലോ അക്കാദമി ഭൂമി പ്രശ്നത്തില്‍ സിപിഐ -സിപിഎം പോര് ഭരണതലത്തിലേക്കും. ഭൂമി വിഷയത്തില്‍ അന്വേഷണം തുടരുമെന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും റവന്യൂമന്ത്രിയും സിപിഐ നേതാവുമായ ഇ. ചന്ദ്രശേഖരന് പറഞ്ഞു.
ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെക്കുറിച്ച് അന്വേഷണമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായിവിജയന്റെ നിലപാട്. വിവാദ ഭൂമി ഏറ്റെടുക്കുമോയെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ വി. മുരളീധരന് സമരം നടത്തിയതുകൊണ്ട് സര്‍ക്കാര്‍ വേവലാതിപ്പെടില്ലെന്നായിരുന്നു രാവിലെ പിണറായിയുടെ മറുപടി. ഇതിന് പിന്നാലെയാണ് അന്വേഷണം തുടരുമെന്നും റിപ്പോര്ട്ടിന്മേല് തുടര്‍ നടപടി സ്വീകരിക്കുമെന്നും ഇ ചന്ദ്രശേഖരന് വ്യക്തമാക്കിയത്.
നിലവിലെ അന്വേഷണത്തിന് പുറമേ മറ്റൊന്ന് വേണ്ടെന്നായിരിക്കും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടാകുകയെന്നും അങ്ങനെയാണ് തനിക്ക് തോന്നുന്നതെന്നും ഇ. ചന്ദ്രശേഖരന് പറഞ്ഞു. റവന്യൂവകുപ്പിന് ലഭിച്ച പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ റവന്യൂവകുപ്പ് സെക്രട്ടറിയെ ഏല്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമി വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തെ വ്യക്തമാക്കിയിരുന്നു. അക്കാദമിക്ക് വിദ്യാഭ്യാസ ആവശ്യത്തിന് നല്കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത് സംബന്ധിച്ച് വി.എസ് നല്കിയ പരാതിയാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. റവന്യൂമന്ത്രിക്കാണ് വി.എസ് കത്ത് നല്‍കിയത്.
ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് സിപിഐയും സിപിഎമ്മും നേരത്തെ തന്നെ രണ്ടു തട്ടിലായിരുന്നു. സമരത്തോട് സിപിഎം മൃദുസമീപനം സ്വീകരിച്ചപ്പോള്‍ ഇപ്പോഴും സമരമുഖത്ത് ശക്തമായി നിലകൊളളുന്ന സമീപനമാണ് സിപിഐയും അവരുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫും സ്വീകരിച്ചിരിക്കുന്നത്.