തിരുവനന്തപുരം: തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്സിനോടാണ് മുഖ്യമന്ത്രി നിയമോപദേശം തേടിയത്. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദാണ് ജേക്കബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്.
ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി ഉന്നത തല അന്വേഷണം നടത്തണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ഗുരുതരമായ അഴിമതി ആരോപണം ഉയര്‍ന്നിട്ടും ജേക്കബ് തോമസിനെ സംരക്ഷിച്ച ഇടത് സര്‍ക്കാരിന് കനത്ത പ്രഹരമാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ഒരു മാസത്തിലധികമായി മുഖ്യമന്ത്രി ഫയലില്‍ തീരുമാനമെടുക്കാതിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നിയമോപദേശം തേടിയത്.
കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കെ.എം ഏബ്രഹാം ജേക്കബ് തോമസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. തുറമുഖ വകുപ്പിനായി ഡ്രഡ്ജര്‍ വാങ്ങിയതില്‍ ജേക്കബ് തോമസ് 15 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കെ.എന്‍ എബ്രഹാമിന്റെ കണ്ടെത്തല്‍.
വിഷയത്തില്‍ വിദേശ കമ്പനിയുമായി കുറ്റകരമായ ഗൂഢാലോചന നടത്തിയ ജേക്കബ് തോമസ് അഖിലേന്ത്യ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ധനവകുപ്പിന്റെ പരിശോധനാ വിഭാഗമാണ് വിഷയത്തില്‍ അന്വേഷണം നടത്തിയത്.