തിരുവനന്തപുരം: ഒരു വിഭാഗം സാംസ്കാരിക നായകന്മാരുടെ പക്ഷപാതിത്വ നിലപാടുകള്‍ ജനസമൂഹത്തില്‍ തുറന്നുകാട്ടാനായി ബിജെപിയുടെ സാംസ്കാരിക വിഭാഗമായ ഉണര്‍വ്വ് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടുമാണ് പരിപാടി സംഘടിപ്പിക്കുക. ഉണര്‍വ്വിന്റെ അണിയറ പ്രവര്‍ത്തകരാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ചിലരെ അന്ധമായി എതിര്‍ക്കുകയും ചിലരെ അനുകൂലിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ചില സാംസ്കാരിക നായകന്മാരും എഴുത്തുകാരും ചിന്തകന്മാരും പുലര്‍ത്തുന്നതെന്ന് ചലച്ചിത്ര സംവിധായകന് രാജസേനന് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഇടതുപക്ഷമാണ് എപ്പോഴും എഴുത്തുകാരെ സംരക്ഷിക്കുന്നതെന്നാണ് എം. മുകുന്ദന് പറഞ്ഞത്. എന്നാല്‍ സക്കറിയയും ടി.പി. ശ്രീനിവാസനുമടക്കം നിരവധി പേരാണ് ഇടതുപക്ഷ ആക്രമണത്തിന് വിധേയരായിട്ടുള്ളതെന്ന് രാജസേനന് ചൂണ്ടിക്കാട്ടി.
സത്യസന്ധമായി എഴുതുകയും പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയും പ്രതികരണവുമാണ് വേണ്ടത്. ഇതിനാലാണ് സാംസ്കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. നിര്‍മ്മാതാവ് ജി. സുരേഷ്കുമാര്‍, ഗോപന് ചെന്നിത്തല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ശനിയാഴ്ച വൈകുന്നേരം 5ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കിലും 10ന് എറണാകുളം ടൗണ്‍ഹാളിലും 18ന് കോഴിക്കോട് അളകാപുരിയിലുമാണ് കൂട്ടായ്മകള്‍ സംഘടിപ്പിക്കുക.