വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത സമയം ഡിലീറ്റ് ചെയ്തിരുന്ന സ്പാനിഷ് ട്വിറ്റർ അക്കൗണ്ട് വൈറ്റ് ഹൗസ് പുനഃസ്ഥാപിക്കുന്നു. ഉടൻ തന്നെ സ്പാനിഷ് ഭാഷയിലുളള വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റും ലഭ്യമായിത്തുടങ്ങുമെന്ന് വൈറ്റ് ഹൗസിന്റെ ഭരണച്ചുമതലയുളള ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നേരത്തേ വൈറ്റ് ഹൗസിനുണ്ടായിരുന്ന സ്പാനിഷ് അക്കൗണ്ടും വെബ്സൈറ്റും ഡിലീറ്റ് ചെയ്തിരുന്നു. ഇത് വൻ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഇനിമുതൽ വൈറ്റ് ഹൗസ് വാർത്തകൾ സ്പാനിഷ് ഭാഷയിലും ലഭ്യമായിത്തുടങ്ങും. ട്രംപിനേക്കുറിച്ചും അദ്ദേഹത്തിന്റെ ഭരണത്തെക്കുറിച്ചുമുളള പുതിയ വാർത്തകൾ അറിയാൻ ഞങ്ങളെ പിൻതുടരൂ എന്നു ക്ഷണിച്ചു കൊണ്ടുളള ആദ്യ ട്വിറ്റർ സ്പാനിഷ് ഭാഷയിൽ പുറത്തു വന്നു കഴിഞ്ഞു.
ലാ കാസ ബ്ലാങ്ക (La Casa Blanca) എന്നാണ് വൈറ്റ് ഹൗസിന്റെ സ്പാനിഷ് രൂപം. @POTUS എന്ന ട്വിറ്റർ ഹാൻഡിൽ അമേരിക്കൻ പ്രസിഡന്റിന്റേതാണ്. ബുധനാഴ്ച്ച രാവിലെ തന്നെ വൈറ്റ് ഹൗസിന്റെ സ്പാനിഷ് ട്വിറ്ററിൽ 122,000 ഫോളോവേഴ്സ് ആയി. സുപ്രീം കോടതിയിൽ ജഡ്ജിനു വേണ്ടി നോമിനേഷൻ നൽകിക്കൊണ്ടുളള മറ്റൊരു വാർത്തയും ഇതിനോടകം സ്പാനിഷ് ട്വിറ്റർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
യു.എസിൽ 50 മില്ല്യൺ ജനങ്ങളും, ലോകം മുഴുവനായി 700 മില്ല്യൺ ജനങ്ങളും സംസാരിക്കുന്ന ഭാഷയാണ് സ്പാനിഷ്. 2009ൽ ബരാക്ക് ഒബാമ അമേരിക്കയുടെ 44ആമത് പ്രസിഡന്റായി ചുമതലയേറ്റതു മുതലാണ് സ്പാനിഷ് ഭാഷയിലുളള ഔദ്യോഗിക ട്വിറ്റർ വൈറ്റ് ഹൗസ് ആരംഭിക്കുന്നത്.