തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ പ്രശ്നവുമായി ബന്ധപ്പെട്ട് നിരാഹാര സമരത്തിലായിരുന്ന ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം വി. മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വൈകിട്ടോടെ വി. മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റിയത്. പകരം ബിജെപി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് നിരാഹാരസമരം തുടങ്ങി.
ബിജെപി സം്സ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് വൈകിട്ട് സമരപ്പന്തലില്‍ എത്തി വി. മുരളീധരന് നിരാഹാരം അവസാനിക്കുകയാണെന്നും പകരം വി.വി രാജേഷ് സമരം ഏറ്റെടുക്കുകയാണെന്നും പ്രഖ്യാപിച്ചത്. ലോ അക്കാദമിയുടെ മതില്‍ക്കെട്ടില്‍ ഒതുങ്ങി നില്ക്കുന്ന സമരമല്ല ഇതെന്നും പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ബഹുജന സമരത്തിന് കേരളം തയ്യാറെടുക്കുമ്പോള്‍ പിന്നില്‍ നിന്ന് കുത്തുകയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്യുന്നതെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് കച്ചവടം നടത്തുന്നവരോടൊപ്പമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിലയുറപ്പിച്ചിരിക്കുന്നത്. കുട്ടികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച പ്രിന്‍സിപ്പാളിനെതിരേ പട്ടിക ജാതി -പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. അത് നിറവേറും വരെ സമരം തുടരമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന കേരളത്തിലെ മുഴുവന്‍ സ്വാശ്രയ മാനേജ്മെന്റുകള്ക്കുമെതിരേ ബിജെപി ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണെന്ന് വി.വി രാജേഷ് പറഞ്ഞു.