മുംബൈ: കേന്ദ്രസർക്കാർ ബജറ്റ് അവതരിപ്പിച്ചതിനു തൊട്ടു പിന്നാലെ ഓഹരി സൂചികയിൽ വമ്പൻ കുതിപ്പ്. സെൻസെക്സ് പോയന്റ് 395 പോയന്റ് വർദ്ധിച്ച് 28051ലും നിഫ്റ്റി 108 പോയന്റ് വർദ്ധിച്ച് 8669ലും എത്തിച്ചേർന്നു. കേന്ദ്ര പൊതുബജറ്റ് ഓഹരി മേഖലയിലുണ്ടാക്കിയ ശുഭപ്രതീക്ഷയാണ് ഈ കുതിപ്പിനു കാരണമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
ബി.എസ്.സിയിലുൾപ്പെട്ട 1608 കമ്പനികൾ നേട്ടമുണ്ടാക്കിയപ്പോൾ 918 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് നീങ്ങുന്നത്. ഗെയിൽ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ടി.സി എന്നീ കമ്പനികളാണ് ലാഭത്തിൽ മുന്നേറുന്നത്. ഇന്ന് അവതരിപ്പിച്ച ബജറ്റ് രാജ്യത്താകമാനം ഉന്മേഷത്തിന്റെ അന്തരീക്ഷമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് വിവിധ കോണുകളിൽ നിന്നു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.