ടെന്നീസിൽ ഇന്ന് ലോകം കാത്തിരുന്ന ക്ലാസിക് പോരാട്ടം. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഇന്ന് റോജർ ഫെഡറർ – റാഫേൽ നദാലിനെ നേരിടും. മിക്സഡ് ഡബിൾസിൽ സാനിയ സഖ്യവും കലാശപ്പോരാട്ടത്തിനുണ്ട്.
കരിയറിന്റെ അവസാനഘട്ടത്തിലെത്തിയ രണ്ട് ഇതിഹാസ താരങ്ങൾ വീണ്ടും ഒരു ഗ്രാൻസ്ലാം ഫൈനലിൽ നേർക്കുനേർ. മുപ്പതുകൾ പിന്നിട്ടിട്ടും കളിക്കളത്തിൽ കൊടുങ്കാറ്റായി മാറി പഴയ പടക്കുതിരകൾ. അപ്രതീക്ഷിതമായ ഒരു ക്ലാസിക് ഫൈനലിനാണ് മെൽബൺ പാർക്ക് ഇന്ന് വേദിയാവുക.
അഞ്ച് വർഷത്തിന് ശേഷമാണ് ഫെഡററും നദാലും ഒരു ഗ്രാൻസ്ലാം ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇതിന് മുമ്പ് കലാശപ്പോരാട്ടങ്ങളിൽ എട്ടുതവണ ഏറ്റുമുട്ടിയതിൽ ആറുതവണയും വിജയം നദാലിനൊപ്പമായിരുന്നു. പുരുഷ സിംഗിൾസിൽ ഏറ്റവുമധികം ഗ്രാൻസ്ലാമുകളുള്ള ഫെഡറർക്ക് ഇന്ന് ജയിച്ചാൽ അത് 19 ആം കിരീടമാകും. നദാലിനാകട്ടെ കിരീടനേട്ടങ്ങളിൽ പീറ്റ് സംപ്രാസിനെ മറികടന്ന് രണ്ടാമനാകാനുള്ള അവസരമാണ് ഇന്നത്തേത്.
പ്രായം കളിമികവിനെ ഒട്ടും ബാധിച്ചിട്ടില്ലെന്ന അഞ്ചുസെറ്റ് നീണ്ട സെമി ഫൈനൽ പോരാട്ടത്തിലൂടെ ഇരുവരും തെളിയിച്ചു കഴിഞ്ഞു. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് ഫൈനൽ. മിക്സഡ് ഡബിൾസ് ഫൈനലിൽ ഇന്ത്യൻ പ്രതീക്ഷയുമായി സാനിയയും ഇന്നിറങ്ങും. സാനിയ മിർസ- ഇവാൻ ഡോഡിഗ് സഖ്യം ഫൈനലിൽ സ്പിയേഴ്സ്- ജുവാൻ കാബൽ സഖ്യത്തെയാണ് നേരിടുക.