ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്കറിന്റെ മരണകാരണം അവ്യക്തമാണെന്ന് പുതിയ മെഡിക്കല്‍ ബോര്‍ഡും. എഫ്ബിഐയുടെയും എയിംസിലെയും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് മരണകാരണം അവ്യക്തമാണെന്ന നിഗമനത്തില്‍ സംഘമെത്തിയത്. രണ്ടാഴ്ച മുന്‍പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സുനന്ദയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് ലഭിച്ചതെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മരണകാരണം അവ്യക്തമാണെന്ന് പുതിയ സംഘവും റിപ്പോര്‍ട്ട് നല്‍കിയതോടെ സുനന്ദയുടെ ബ്ലാക്ക്ബെറി ഫോണിലെ ചാറ്റിംഗ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനമെന്നാണ് സൂചന. അഹമ്മദാബാദിലെ ലാബില്‍ നിന്ന് സുനന്ദയുടെ ലാപ്ടോപ്പിലെ ഫോറണ്‍സിക് പരിശോധനാഫലവും ഇനി ലഭിക്കാനുണ്ട്
2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ശശി തരൂരുമൊത്ത് ഇവിടെ എത്തിയതായിരുന്നു സുനന്ദ. ശശി തരൂരും സുനന്ദയുമായി ചില വിഷയങ്ങളില്‍ വാക്കുതര്‍ക്കം നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മരണം സംശയത്തിന്റെ നിഴലിലായത്.
വിഷം ഉളളില്‍ ചെന്നാണ് മരണമെന്ന സംശയത്തെ തുടര്‍ന്നാണ് ആന്തരീകാവയവങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി എഫ്ബിഐയുടെ ലാബിലേക്ക് അയച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പല തവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.