അമൃത്സര്‍: ഡല്‍ഹിയിലെ ജനങ്ങളെ ചതിച്ച അരവിന്ദ് കെജ് രിവാള്‍ പഞ്ചാബിലും മുഖ്യമന്ത്രിയാകാന്‍ നോക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമൃത്സറിലെ മജീദയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് രാഹുല്‍ കെജ് രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിച്ചത്. ഡല്‍ഹിയില്‍ ഏറെ വാഗ്ദാനം നല്കി അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി യാതൊരു പ്രവര്‍ത്തനവും നടത്തുന്നില്ലെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
ഡല്‍ഹിയിലും ഹരിയാനയിലും പഞ്ചാബിലും അവര്‍ പല കാര്യങ്ങളാണ് പറയുന്നത്. പലതും പരസ്പര ബന്ധമില്ലാത്തതാണെന്നും രാഹുല്‍ പറഞ്ഞു. പഞ്ചാബിലെ ജനങ്ങള്‍ ദിനംപ്രതി കൊളളയടിക്കപ്പെടുകയാണ്. അവരുടെ പണം മടക്കി നല്കാന് കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ലഹരി മാഫിയയ്ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ പറഞ്ഞു.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും രാഹുല്‍ ഉയര്‍ത്തിക്കാട്ടി. സംസ്ഥാനത്ത് പാര്‍ട്ടി വിജയിക്കുകയാണെങ്കില്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയാകുമെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അവകാശപ്പെടുന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത രീതിയില്‍ നിന്നുളള വ്യതിചലനമാണ് രാഹുലിന്റെ പ്രഖ്യാപനമെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
സാധാരണ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അതാണ് കീഴ്വഴക്കമെന്നുമാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അവകാശപ്പെടുന്നത്. 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ രാഹുലിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുമോയെന്ന ചോദ്യം പാര്‍ട്ടി നേരിട്ടത് ഇതേ നിലപാട് മറയാക്കിയായിരുന്നു.