പാലക്കാട്: കഞ്ചിക്കോട് സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ പൊളളലേറ്റ് മരിച്ച രാധാകൃഷ്ണന്റെയും വിമലയുടെയും വീടുകള്‍ കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി സുദര്ശന് ഭഗത് സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് ഒപ്പമാണ് മന്ത്രി എത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം അക്രമവുമായി ബന്ധപ്പെട്ട വിവരങ്ങളും തിരിക്കിയറിഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, പാലക്കാട് ജില്ലാ അധ്യക്ഷന്‍ ഇ. കൃഷ്ണദാസ് തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കഞ്ചിക്കോട് മേഖലയില്‍ സിപിഎം പ്രവര്‍ത്തകര്‍ ഒരു മാസത്തിലധികമായി ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് നടത്തിവരുന്ന അക്രമങ്ങള്‍ക്കിടെയാണ് രാധാകൃഷ്ണനും വിമലയ്ക്കും പൊളളലേല്‍ക്കുന്നത്.
രാധാകൃഷ്ണനും സഹോദരന് കണ്ണനും ബിജെപി പ്രവര്‍ത്തകരാണ്. കണ്ണന്റെ ഭാര്യയാണ് വിമല. കഴിഞ്ഞ മാസം 28 ന് പുലര്‍ച്ചെ 2.45 ഓടെ സിപിഎം പ്രവര്‍ത്തകര്‍ കണ്ണന്റെ വീട് അക്രമിക്കുകയായിരുന്നു. പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീവെച്ചപ്പോള്‍ പാചകവാതക സിലിണ്ടറിലേക്കും തീ പടര്‍ന്ന് പൊട്ടിത്തെറിച്ചു. രാധാകൃഷ്ണനും വിമലയ്ക്കും പുറമേ കണ്ണനും ആദര്‍ശ് എന്നയാള്‍ക്കും പൊളളലേറ്റിരുന്നു.