കണ്ണൂർ : കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിധിനിര്‍ണയവുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് അന്വേഷണം. ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചുപ്പുഡി മത്സരത്തിന്റെ വിധിനിർണയം സംബന്ധിച്ചായിരുന്നു പരാതി.
കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നൃത്താദ്ധ്യാപകന് അന്‍ഷാദ് അസീസ് വിധികര്‍ത്താക്കളെ സ്വാധീനിച്ചു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് ത്വരിത പരിശോധന തുടങ്ങിയത്. കണ്ണൂര്‍ ഡിവൈ.എസ്.പി എ.വി.പ്രദീപിന്, വിജിലന്‍സ് ഇന്‍സ്പെക്ടര്‍ കെ.വി.ബാബു എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല.