ന്യൂഡല്‍ഹി: സീറ്റുകള്‍ കുറഞ്ഞുപോയെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ തട്ടി ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്- സമാജ്വാദി പാര്‍ട്ടി സഖ്യത്തിന് സാദ്ധ്യത മങ്ങുന്നു. 120 സീറ്റെങ്കിലും വേണമെന്ന കടുംപിടുത്തത്തിലാണ് കോണ്‍ഗ്രസെന്നും അഖിലേഷ് വാഗ്ദാനം ചെയ്ത 100 സീറ്റുകളില്‍ അവര്‍ തൃപ്തരല്ലെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു. കോണ്‍ഗ്രസിനെ പഴിചാരി അഖിലേഷിന്റെ അടുപ്പക്കാരായ നേതാക്കള്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് എന്തെങ്കിലും സ്വാധീനമുണ്ടെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് അവകാശമുണ്ടായിരുന്നുവെന്നും നേതാക്കള്‍ പരിഹസിച്ചു. നിലവില്‍ സമാജ് വാദി പാര്‍ട്ടിക്ക് 234 സിറ്റിംഗ് സീറ്റുകള്‍ ഉണ്ട്. ഇവര്‍ക്ക് ടിക്കറ്റുകള്‍ നല്കാതിരിക്കാന് ആകില്ല. ഒഴിവാക്കാനാകാത്തവര്‍ വേറെയുമുണ്ടെന്നും 300 സീറ്റുകളില്‍ കുറച്ച് മത്സരിച്ചിട്ട് കാര്യമില്ലെന്നും നരേഷ് അഗര്‍വാള്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ കടുംപിടുത്തം ബിജെപിക്കായിരിക്കും ഗുണം ചെയ്യുകയെന്നും സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. റായ്ബറേലി, അമേഠി ലോക്സഭാ മണ്ഡലങ്ങളിലെ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഈ സീറ്റുകളില്‍ വീണ്ടും ഇറക്കി ഭാഗ്യം പരീക്ഷിക്കുന്നതിനോട് അഖിലേഷ് ശക്തമായ വിയോജിപ്പ് അറിയിക്കുകയായിരുന്നു. ഇതാണ് കോണ്‍ഗ്രസിന്റെ അതൃപ്തിക്ക് പ്രധാനകാരണം.
ഒന്നും രണ്ടും ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്നും സഖ്യ ചര്‍ച്ചകള്‍ തുടരുന്നതില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും യാതൊരു തടസവുമില്ലെന്നുമായിരുന്നു യുപി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജ് ബബ്ബറിന്റെ പ്രതികരണം.