കൊല്‍ക്കത്ത: തീവ്രവാദ കേസില്‍ രണ്ട് പാക് പൗരന്മാരടക്കം മൂന്ന് ലഷ്കര്‍ ഭീകരര്‍ക്ക് ബം
ഗാള്‍ കോടതി വധശിക്ഷ വിധിച്ചു. നോര്‍ത്ത് 24 പര്‍ഗനാസിലെ ബോണ്‍ഗാവ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്ഫോടക വസ്തുക്കളുമായി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നുവെന്ന കേസാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. രാജ്യത്ത് സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി.
കറാച്ചിയില്‍ നിന്നുളള മൊഹമ്മദ് യൂനസ്, മൊഹമ്മദ് അബ്ദുളള, കശ്മീരിലെ അനന്ത്നാഗ് സ്വദേശിയായ മൊഹമ്മദ് മുസാഫര്‍ അഹമ്മദ് എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. 2007 ഏപ്രില്‍ നാലിനാണ് ഇവരെ മഹാരാഷ്ട്രയില്‍ നിന്നുളള ലഷ്കര്‍ തീവ്രവാദി ഷെയ്ഖ് സമീറിനൊപ്പം ബിഎസ്എഫ് അതിര്‍ത്തിയില്‍ നിന്ന് പിടികൂടുന്നത്. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശത്ത് നിന്നാണ് ഇവര്‍ അറസ്റ്റിലായത്. പിന്നീട് മഹാരാഷ്ട്രയിലെ ഒരു കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ ഛത്തീസ്ഗഢില്‍ വെച്ച് സമീര്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപെടുകയായിരുന്നു.
വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ക്ക് പുറമേ വ്യാജരേഖകളും ഇവരില്‍ നിന്നും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ഇവരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലേക്ക് കൈമാറുകയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മൊഹമ്മദ് യൂനസ് ലഷ്കറിന്റെ ചാവേര്‍ സംഘത്തിലെ അംഗമാണെന്ന് അടക്കമുളള വിവരങ്ങളാണ് അന്വേഷണത്തില്‍ വ്യക്തമായത്.
ഇന്ത്യയിലേക്ക് കടക്കാന്‍ ഇയാള്‍ ധാക്കയില്‍ നിന്നാണ് മൊഹമ്മദ് അബ്ദുളളയ്ക്കൊപ്പം ചേരുകയായിരുന്നു. ഇരുവരെയും അതിര്‍ത്തി കടത്തി സുരക്ഷിതരായി ഇവിടെയെത്തക്കാന് മുസാഫര്‍ ബംഗ്ലാദേശിലേക്ക് പോകുകയായിരുന്നു. മടക്കയാത്രയിലാണ് പിടിയിലായത്.
രാജ്യത്തിനെതിരേ യുദ്ധം ചെയ്യാന്‍ നീക്കം നടത്തിയെന്ന് ഉള്‍പ്പെടെയുളള കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്.