ന്യൂഡൽഹി: അമേരിക്കയുടെ 45ആമത് പ്രസിഡന്റായി ഇന്നലെ ചുമതലയേറ്റ ഡോണാൾഡ് ട്രംപിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതവും അമേരിക്കയുമായുളള സഹകരണം അതിന്റെ പൂർണ്ണതയിൽ മുൻപോട്ടു കൊണ്ടു പോകാൻ കഴിയട്ടെയെന്നും, ട്രംപുമായി ചേർന്നുളള പ്രവർത്തനങ്ങളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതൽ ദൃഢതരമാകട്ടെയെന്നും പ്രധാനമന്ത്രി പ്രത്യാശിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ, ട്രംപ് ഭാരതത്തേക്കുറിച്ചു പറഞ്ഞ നല്ല വാക്കുകൾ പ്രധാനമന്ത്രി അനുസ്മരിച്ചു. ഭാരതത്തോട് വലിയ ബഹുമാനമാണ് തനിക്കെന്നും, മനോഹരമായ ഒരു രാജ്യമാണ് ഭാരതെമെന്നും ട്രംപ് പറഞ്ഞിരുന്നു. ഭാരതീയർക്കും, ഹിന്ദു സമൂഹത്തിനും ഒരു നല്ല സുഹൃത്തിനെ വൈറ്റ്ഹൗസിൽ പ്രതീക്ഷിക്കാമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രധാനമന്ത്രിയോട് തനിക്കുളള സ്വകാര്യ മതിപ്പിനേക്കുറിച്ചും ട്രംപ് പറഞ്ഞിരുന്നു. ഭാരതത്തിന്റെ ഉദ്യോഗസ്ഥഭരണവ്യവസ്ഥയെ നരേന്ദ്രമോദി നവീകരിച്ചു. അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹവുമായി ചേർന്നു പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, ട്രംപ് പറഞ്ഞു. അദ്ദേഹം ഒരു മഹാനായ വ്യക്തിയാണെന്നായിരുന്നു അമേരിക്കയിലെ ഭാരതീയർ ആതിഥ്യമരുളിയ ഒരു ചടങ്ങിൽ ട്രംപ് നരേന്ദ്രമോദിയെക്കുറിച്ചു വിശേഷിപ്പിച്ചത്.
ഇനി വരും വർഷങ്ങളിൽ വൻ നേട്ടങ്ങൾ കൈവരിക്കാൻ അമേരിക്കയ്ക്കു കഴിയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
Kavalam