വാഷിംഗ് ടൺ: അമേരിക്കയുടെ നാൽപ്പത്തിയഞ്ചാം പ്രസിഡന്റായി ഡൊണൾഡ് ട്രംപ് അധികാരമേറ്റു. വാഷിങ്ടണിലെ ക്യാപിറ്റൽ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
ഇന്ത്യൻ സമയം രാത്രി 10.30ഓടെയാണ് അമേരിക്കന്‍ ഐക്യനാടുകളുടെ നാൽപ്പത്തിയഞ്ചാം പ്രസിഡന്റായി ഡൊണൾഡ് ജൊൺ ട്രംപെന്ന ഡൊണൾഡ് ട്രംപ് അധികാരമേറ്റത്. ക്യാപിറ്റൽ ഹാളിൽ സംഘടിപ്പിച്ച അതിവിപുലമായ ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് ട്രംപിന് സത്യവാചകം ചൊല്ലി കൊടുത്തു. യുഎസ് വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സും അധികാരമേറ്റു.
തുടർന്ന് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജിമ്മി കാർട്ടർ, ബരാക് ഒബാമ, തെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായിരുന്ന ഹിലരി ക്ലിന്റൺ തുടങ്ങിവർ പങ്കെടുത്തു.
അതേസമയം, ട്രംപിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനങ്ങൾ തെരുവുകളിലിറങ്ങി. ക്രമവിരുദ്ധമായാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.