കൊച്ചി: അഞ്ചു വർഷത്തേക്ക് സംസ്ഥാനത്ത് വിലവർദ്ധനവു തടയുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതുസർക്കാർ മിൽമ പാലിന്റെ വിലയും വർദ്ധിപ്പിക്കാനുളള തീരുമാനത്തിലാണ്. കൊച്ചിയിൽ ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗമാണ് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തത്.
അതേസമയം എത്ര രൂപ വർദ്ധിപ്പിക്കണമെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇത് സർക്കാരുമായി കൂടിയാലോചിച്ചു തീരുമാനിക്കുമെന്നാണറിയുന്നത്.
പാലിന്റെ ഇറക്കുമതി വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് മിൽമ പാൽ വില വർദ്ധിപ്പിക്കുന്നതിന് ഒരുങ്ങുന്നത്. ആഭ്യന്തര ഉത്പാദനത്തിൽ ഒരു ലക്ഷം ലിറ്ററിന്റെ കുറവുണ്ടായതായാണ് മിൽമ ചൂണ്ടിക്കാട്ടുന്നത്. ഇതു കാരണം നിലവിൽ മൂന്നു ലക്ഷം ലിറ്റർ ഇറക്കുമതി ചെയ്യുന്നത് വർദ്ധിപ്പിക്കേണ്ടി വരുമെന്നാണ് മിൽമ അവകാശപ്പെടുന്നത്.
അതേസമയം ആഭ്യന്തര പാലുത്പാദനം വർദ്ധിപ്പിക്കാനോ, കർഷകരുടെ ക്ഷേമത്തിനോ ആവശ്യമായ യാതൊരു വിധ പ്രവർത്തനങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.