വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ ഭാരതത്തിന്റെ പ്രതിനിധിയായി അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി നവതേജ് സർന പങ്കെടുക്കും. ഇന്നു വൈകുന്നേരമാണ് സ്ഥാനാരോഹണച്ചടങ്ങ് നടക്കുക.
ഭാരതവും യു.എസും തമ്മിൽ സ്ഥാപിതമായിരിക്കുന്ന ഊഷ്മളബന്ധത്തിന്റെ തുടർച്ചയുടെ ഭാഗമായി പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങിലും തുടർന്നുളള ഔദ്യോഗിക ചടങ്ങുകളിലും ഭാരതത്തിന്റെ അമേരിക്കൻ സ്ഥാനപതി പങ്കെടുക്കുമെന്ന് ഭാരതത്തിന്റെ വിദേശകാര്യവക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
ട്രംപിന്റെ നേതൃത്വത്തിലുളള പുതിയ സർക്കാരും, ഭാരതവും അമേരിക്കയുമായി തുടർന്നു പോരുന്ന സൗഹൃദവും പിന്തുണയും നിലനിർത്തുമെന്നും ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതൽ സുദൃഢമാകുമെന്നും വികാസ് സ്വരൂപ് പ്രത്യാശ പ്രകടിപ്പിച്ചു.