ഇസ്ളാമാബാദ് : ഈ രീതിയിൽ പോയാൽ പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ പത്ത് വർഷത്തിനുള്ളിൽ തകർന്നടിയുമെന്ന് പാക് വിദ്യാഭ്യാസമന്ത്രി ജാം മേത്താബ് ഹുസ്സൈൻ . കറാച്ചി സർവകലാശാലയിൽ നടന്ന സാമ്പത്തിക വികസനത്തെക്കുറിച്ചുള്ള സെമിനാറിലാണ് ഹുസ്സൈന്റെ പരാമർശം.
ദാരിദ്ര്യം , നിരക്ഷരത, അഴിമതി, ഭരണ പരാജയം മുതലായ പ്രശ്നങ്ങളാൽ പാകിസ്ഥാൻ വീർപ്പുമുട്ടുകയാണ്. ഇത് സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതാണ്. സാമൂഹികവും സാമ്പത്തികവുമായ ഒരു ചുഴലിക്കാറ്റ് പാക് സമ്പദ് വ്യവസ്ഥയെ തകർക്കാൻ പോകുന്നതിന്റെ സൂചനകൾ കാണുന്നുണ്ടെന്നും ഹുസൈൻ വ്യക്തമാക്കി.
ഇന്ത്യയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പാകിസ്ഥാനെ പിന്നോട്ടടിക്കുന്നുണ്ടെന്ന് സെമിനാറിൽ പങ്കെടുത്ത വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ കയറ്റുമതി ക്രമാതീതമായി കുറഞ്ഞെന്ന് മാത്രമല്ല ഇറക്കുമതി വളരെയധികം വർദ്ധിച്ചതായും വിദഗ്ദ്ധർ വ്യക്തമാക്കി . ഇത് പാകിസ്ഥാന്റെ സാമ്പത്തിക രംഗത്തെ തകർച്ചയിലേക്ക് നയിക്കും . ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി