കണ്ണൂർ: കലോത്സവ വേദിയിലെ ന്യൂ ജനറേഷൻ തരംഗത്തിന് പ്രഥമ ഉദാഹരണമാണ് മേക്കപ്പ്. പരമ്പരാഗത ചമയത്തെ ഗ്രീൻ റൂമിൽ നിന്നും പുറത്താക്കിയിരിയ്ക്കുന്നു ന്യൂജനറേഷൻ ചമയ സങ്കേതങ്ങൾ. മേളയിൽ വീണ്ടും പണക്കൊഴുപ്പ് എറുന്നതിനും ഒരർത്ഥത്തിൽ പ്രഥമ കാരണം ന്യൂ ജനറേഷൻ മേക്കപ്പ് തന്നെ.
ചമയപ്പുരയിലെ രാജാവ് പഴയകാലത്ത് പാൻ കേക്ക് ആയിരുന്നു. പഴയ പ്രിയ സുഹൃത്തിനെയും സംഘത്തെയും വനവാസത്തിനയച്ചിരിയ്ക്കുന്നു ചമയകലാകാരന്മാർ. സ്വദേശി ഇനങ്ങളുടെ കാലം കഴിഞ്ഞെന്നാണ് ഇവരുടെ ഭാഷ്യം.
ന്യൂ ജനറേഷൻ മേക്കപ്പ് സാമഗ്രികളുടെ വൈവിധ്യമാർന്ന ശേഖരം യുവജനോത്സവ വേദിയിലെ ഗ്രീൻ റൂമുകൾ ഇപ്പോൾ പൂർണ്ണമായി കയ്യടക്കിയിരിയ്ക്കുന്നു. ഐഷാഡോസ് ; മസ്ക്കാര; ഐ ടെക്സ് ; ലിപ് ലൈനെഴ്സ് അങ്ങനെ നീളുന്നു പട്ടിക. ഫിനിഷിംഗും, ഗുണനിലവാരവുമാണ് ന്യൂജനറേഷൻ മേക്കപ്പ് സാമഗ്രികൾ ആധിപത്യം നേടാൻ കാരണം.
മത്സരാർത്ഥികളുടെ രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക ഭാരമാണ് പുതുതലമുറ ചമയ സാമഗ്രികൾ സമ്മാനിച്ചിട്ടുള്ളത്. എന്നാലും വേദിയിൽ മക്കൾ കൂടുതൽ ശോഭിയ്ക്കും എന്ന പ്രതീക്ഷയിൽ ഇവർ ചിലവൊന്നും കാര്യമാക്കുന്നുമില്ല.